Tuesday, January 17, 2017

ഒരു എൻജിനീയറിംഗ് വിദ്യാർഥി എഴുതി വാട്ട്സ് ആപ്പിൽ വൈറലായ ഒരു കവിതയാണ് താഴെ




"അവിടങ്ങൾ അങ്ങനെയാണ്.
വിദ്യാലയമല്ല
ഒരുക്കി വച്ച അച്ചിലേക്ക് കുട്ടികളെ ഉരുക്കി ഒഴിച്ച്
തല്ലിപ്പരത്തുന്ന കൊല്ലപ്പണിക്കാരന്റെ ആലകൾ
തൊലിയുരിച്ച്, വെട്ടിമുറിച്ച് കൊന്ന് തിന്നുന്ന
അറവുശാലകൾ
കവിതയും സംഗീതവും കണ്ടുപിടുത്തങ്ങളും പ്രണയവും
വിപ്ലവവും പൂക്കുന്ന പ്രായത്തിൽ അവനവിടെ ചെന്ന്
കയറും
പ്രോഗ്രാം ടൈപ്പ് ചെയ്ത് റിസൽട്ടെടുക്കുമ്പോൾ
അവന്റെ വിരലുകൾക്ക് കവിതകൾ നഷ്ടമാകും
പ്ലാൻ വരക്കുന്ന പേപ്പറിൽ നിന്നവന്റെ
വർണ്ണചിത്രങ്ങൾ മായ്ക്കും
യന്ത്രങ്ങളോട് സംസാരിക്കാൻ അവരവന്റെ
നാവറുക്കും
ഗിറ്റാറിന്റെ സ്ട്രിങ്ങുകളൂരി അവനു സർക്ക്യൂട്ടുകൾക്ക്
കണക്ഷൻ കൊടുക്കേണ്ടിവരും
സിലബസിന്റെ അതിരുകളിൽ അവരവനിലെ
ശാസ്ത്രജ്ഞനെ ശവമടക്കും
ഫൈൻ അടക്കാൻ പണമില്ലാത്തതുകൊണ്ടവൻ
സ്വപ്നങ്ങൾ വിൽക്കും
ഇന്റേർണൽ മാർക്കിനാൽ അവന്റെ വിപ്ലവം അവർ
അടിച്ചമർത്തും
അവസാനം അവൻ അവനല്ലാതായെന്ന് അവർക്ക്
ഉറപ്പാകുമ്പോൾ അവനു പ്ലേസ്മന്റ്
ഇടക്കെപ്പഴോ തോൽക്കാൻ മനസില്ലാതെ
എങ്ങോട്ടോ ഇറങ്ങിപ്പോയ ജീവനുകൾക്ക് പലപേർ
ആനന്ദ്, വിഗ്നേഷ്, രജനി, ജിഷ്ണു
അനന്തരം
തോറ്റ് തോറ്റ്,
പ്രണയം മരിച്ച്,
ഹൃദയം നിലച്ച്,
ബിരുദം ലഭിച്ച്,
വീട്ടിൽ തിരിച്ചെത്തുന്ന മൃതദേഹങ്ങൾക്കെല്ലാം
ഒരേയൊരു പേർ
'എഞ്ചിനീയർ'

No comments:

Post a Comment